എസ് പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു



ഗായകനും സംഗീത സംവിധായകനുമായ എസ്പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. ആഴ്ച്ചകളോളം കൊവിഡ് രോഗത്തോട് പൊരുതിയ ശേഷമാണ് 74കാരന്റെ അന്ത്യം.

ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്പിബിയുടെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ ആശുപത്രിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അല്‍പസമയം മുന്പ് ഭാര്യയും മറ്റ് ബന്ധുക്കളും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

കൊവിഡ് പൊസിറ്റീവ് ആയതിന് പിന്നാലെ തനിക്ക് ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെന്നും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി എസ്പിബി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

16 ഇന്ത്യന്‍ ഭാഷകളിലായി 40,000 പാട്ടുകളാണ് എസ്പി പാടിയത്. ഏറ്റവും കൂടുതല്‍ ഗാനം ആലപിച്ചതിന്റെ ഗിന്നസ് റെക്കോഡും അദ്ദേഹത്തിന് സ്വന്തമായുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ പാടി ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്.

നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് എന്നീ മേഖലകളിലും എസ്പിബി കഴിവുതെളിയിച്ചു.

ഓഗസ്റ്റ്‌ മാസം ആദ്യമാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ എം ജി എം ഹെല്‍ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 14ഓടെ ഗായകന്‍ ഗുരുതരാവസ്ഥയിലായി. ഇതോടെ ഉറ്റവരും ആരാധകരും ആശങ്കയിലായിരുന്നു. രാഷ്ട്രീയ സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍ എസ്പിബിയ്ക്ക് സുഖാശംസകള്‍ നേര്‍ന്ന് രംഗത്തുവന്നിരുന്നു.

Comments

Popular posts from this blog

സംസ്ഥാനത്ത് 13 പേര്‍ക്ക് കൊവിഡ്, 13 പേര്‍ക്ക് രോഗമുക്തി; റെഡ് സോണിലും, ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റം