സ്‌കൂള്‍ തുറക്കല്‍: പതിവുക്ലാസുകള്‍പോലെ ഓണ്‍ലൈന്‍ പഠനവും
തിരുവനന്തപുരം: ഇത്തവണ ജൂൺ ഒന്നിന് പതിവുപ്രവേശനോത്സവമുണ്ടാകില്ല. എന്നാൽ ക്ലാസ് സമയം പതിവുപോലെ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയായിരിക്കും. ജൂൺ ഒന്നുമുതൽ ഓൺലൈനായി ക്ലാസുകൾ ആരംഭിക്കുമ്പോൾ വിദ്യാർഥികൾക്കത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള പുതിയപാഠം കൂടിയാകും.
ഒന്നിലും പതിനൊന്നിലും പുതിയ പ്രവേശനമായതിനാൽ ഇവയൊഴികെയുള്ള ക്ലാസുകളിലാകും അധ്യയനം. ഏഴ് പീരിയഡുള്ള പതിവുരീതിയിലായിരിക്കില്ല ക്ലാസ്. രാവിലെ തുടങ്ങുമ്പോൾ ആദ്യ പീരിയഡ് അഞ്ചാംക്ലാസിനാണെങ്കിൽ രണ്ടാംപീരിയഡ് ആറാംക്ലാസിനോ ഏഴാംക്ലാസിനോ ആകാം. ഒമ്പതിനും നാലിനുമിടയിലുള്ള സമയത്ത് ഇങ്ങനെ വിവിധ ക്ലാസുകളിലേക്കുള്ള അധ്യയനംനടക്കും. വിശദ ടൈംടേബിൾ തയാറാക്കുന്നതേയുള്ളൂ.
തിരഞ്ഞെടുത്ത ക്ലാസുകൾ രാത്രി വീണ്ടും പ്രക്ഷേപണംചെയ്യും. അധ്യാപകരും ക്ലാസ് കേൾക്കണം. ക്ലാസിനുശേഷം അധ്യാപകർക്ക് കുട്ടികളുമായി വാട്സാപ്പ് ഗ്രൂപ്പിലൂടെ ചർച്ചനടത്തി സംശയനിവാരണം നടത്താം. സംസ്ഥാനാടിസ്ഥാനത്തിലാണ് ഓൺലൈൻ ക്ലാസ്. സാധാരണക്ലാസിന് മുക്കാൽമണിക്കൂറാണെങ്കിലും ഓൺലൈനായെടുക്കുമ്പോൾ അരമണിക്കൂറിൽ നിശ്ചിത പാഠഭാഗം പഠിപ്പിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. അരമണിക്കൂറുള്ള മൊഡ്യൂളുകളാണ് ഐ.ടി. മിഷൻ തയ്യാറാക്കുന്നത്.
ഓൺലൈൻ വഴി പഠിപ്പിച്ച ഭാഗങ്ങൾ സ്കൂൾതുറക്കുമ്പോൾ വീണ്ടും പഠിപ്പിക്കണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്കൂൾ തുറന്നെത്തുമ്പോൾ അധ്യാപകർക്ക് കുട്ടികളെ വിലയിരുത്തി ഇക്കാര്യം തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഒരാഴ്ചയിൽ സാധാരണ അധ്യയനദിവസങ്ങളിൽ പഠിപ്പിക്കാൻ കിട്ടുന്നത്ര സമയം ഓൺലൈൻ വഴി ലഭിക്കില്ലെന്നതാണ് പോരായ്മ. എന്നാൽ ദൃശ്യാവിഷ്കാരത്തോടെ പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് കൂടുതൽ മനസ്സിലാക്കാനും ക്ലാസിൽ ശ്രദ്ധിച്ചിരിക്കാനും കഴിയുമെന്നാണ് മറുവാദം.
ക്ലാസുകൾ വിക്ടേഴ്സിൽ
വിക്ടേഴ്സ് ചാനൽ വഴിയായിരിക്കും ക്ലാസിന്റെ സംപ്രേഷണം. ഫോണിലും ടി.വി.യിലും കംപ്യൂട്ടറിലും ഇത് കാണാൻ സൗകര്യമേർപ്പെടുത്തും. സംസ്ഥാനത്തെ 95 ശതമാനത്തിലധികം കുട്ടികൾക്കും വീട്ടിൽ ടി.വി.യോ നെറ്റ്സൗകര്യമുള്ള ഫോണോ, കംപ്യൂട്ടറോ ഉണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പ് കണക്കാക്കുന്നത്. ഈ സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളിലെ ടി.വി, കംപ്യൂട്ടർ എന്നിവയിൽ ക്ലാസുകൾ കേൾക്കാൻ അനുമതിനൽകും. സ്കൂൾ ദൂരെയാണെങ്കിൽ തദ്ദേശസ്ഥാപനം വഴി ഇതിന് സൗകര്യമൊരുക്കാനും ആലോചനയുണ്ട്.
സംശയനിവാരണത്തിന് സ്കൂളിലെത്താം
ജൂണിൽ സ്കൂൾ തുറക്കാനുള്ള സാധ്യത കുറവാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ. ജൂലായിലും തുറക്കാനായില്ലെങ്കിൽ അധ്യയനത്തെ ബാധിക്കും. ഈ സാഹചര്യത്തിൽ നിശ്ചിതദിവസങ്ങളിൽ കുറച്ചുസമയം ഓരോ ക്ലാസിലെ കുട്ടികൾക്ക് സ്കൂളിൽ വരാൻ അനുമതിനൽകുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ലോക്ഡൗൺ ദീർഘിച്ചാൽ മുതിർന്ന ക്ലാസുകളിലെങ്കിലും ഭാഗിക അധ്യയനം ആരംഭിക്കാനാണ് ആലോചന.
Comments
Post a Comment