സംസ്ഥാനത്ത് ഒറ്റ ദിവസം ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ പത്തു പേർക്കും മലപ്പുറത്ത് അഞ്ച് പേ ർക്കും പാലക്കാട്, വയനാട് ജില്ലകളിൽ മൂന്നു പേർക്ക് വീതവും കണ്ണൂർ രണ്ടു പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഒറ്റ ദിവസം ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശത്തു നിന്നും രണ്ടു പേർ ചെന്നൈയിൽ നിന്നും നാലു പേർ മുംബൈയിൽ നിന്നും ഒരാൾ ബംഗളൂരുവിൽ നിന്നും എത്തിയവരാണ്. 11 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ഉണ്ടായത്.
കാസർഗോഡ് ഏഴു പേർക്കും വയനാട്ടിൽ മൂന്നു പേർക്കും പാലക്കാട്ട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. കാസർഗോഡ് രോഗം ബാധിച്ചവരിൽ രണ്ടു ആരോഗ്യപ്രവർത്തകരാണ്. വയനാട്ടിൽ രോഗം ബാധിച്ച ഒരാൾ പോലീസുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മൂന്നു പേർ രോഗമുക്തരായി. കൊല്ലം ജില്ലയിൽ രണ്ടു പേരുടെയും കണ്ണൂരിൽ ഒരാളുടെയും ഫലമാണ് നെഗറ്റീവായത്.
സംസ്ഥാനത്ത് ഇതുവരെ 560 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 64 പേർ ചികിത്സയിലുണ്ട്. 366,910 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 36,362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 174 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്പിളുകൾ പരിശോധിച്ചു. 39,619 പേർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കി.
കേരളത്തിൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണം കുറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ 15 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂർ-3, കാസർഗോഡ്-3, വയനാട്-7, കോട്ടയം-1, തൃശൂർ-1 എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം.
Comments
Post a Comment