പ്രഭാകരാ വിളി തെറ്റിദ്ധരിച്ചു, ദുല്‍ഖറിനെതിരെ ഹേറ്റ് കാമ്പയിനും ആക്രമണവും, അച്ഛനെ വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ത്ഥന


അനൂപ് സത്യന്റെ സംവിധാനത്തില്‍ താന്‍ കേന്ദ്രകഥാപാത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന വിദ്വേഷ പ്രചരണത്തില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. പ്രഭാകരാ വിളി പട്ടണപ്രവേശം എന്ന സിനിമയിലെ തമാശരംഗത്തില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു. ബോധപൂര്‍വം ആരെയെങ്കിലും അധിക്ഷേപിക്കാനായി ഉപയോഗിച്ചതല്ല. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായ പേരാണെന്നും വിദ്വേഷപ്രചരണം തന്നിലും അനൂപിലും നില്‍ക്കട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞു. ഞങ്ങളുടെ അച്ഛന്‍മാരെയും മുതിര്‍ന്ന അഭിനേതാക്കളെയും വിദ്വേഷത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ഖേദിക്കുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. പട്ടണപ്രവേശത്തില്‍ കരമന ജനാര്‍ദ്ദനന്റെ കഥാപാത്രം തിലകന്റെ കഥാപാത്രത്തെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം പോസ്റ്റ് ചെയ്താണ് മറുപടി. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമെതിരെ രൂക്ഷമായ ആക്രമണമാണ് തമിഴ്‌നാട്ടുകാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നുണ്ടാകുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പോസ്റ്റുകളാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് ദുല്‍ഖറിന്റെ മറുപടി.

Comments

Popular posts from this blog

സംസ്ഥാനത്ത് 13 പേര്‍ക്ക് കൊവിഡ്, 13 പേര്‍ക്ക് രോഗമുക്തി; റെഡ് സോണിലും, ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റം